ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോയിൽ മുഖ്യമന്ത്രി സ്റ്റാലിനെ വെല്ലുവിളിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ചീഫ് മിനിസ്റ്റർ സർ നിങ്ങൾക്ക് പകപോക്കാനുള്ള പദ്ധതികളുണ്ടെങ്കിൽ എന്നെ എന്തും ചെയ്തോളൂ. എന്റെ നേതാക്കളെയോ പ്രവർത്തകരെയോ തൊടരുത്.
ഞാൻ വീട്ടിലോ ഓഫീസിലോ കാണും. നിർദിഷ്ടസ്ഥലത്ത് പ്രസംഗിക്കുകയല്ലാതെ ഞങ്ങൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഞങ്ങളുടെ നേതാക്കൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തന്റെ രാഷ്ട്രീയയാത്ര കൂടുതൽ കരുത്തോടെ തുടരുമെന്നും വിജയ് പറഞ്ഞു.
വീഡിയോസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്ക്കെതിരേ ഡിഎംകെ വക്താവ് രംഗത്തെത്തി. ഇത് വിജയ്യുടെ പുതിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു വീഡിയോ ഇറക്കാൻ നാലുദിവസമെടുത്തെന്നും ഡിഎംകെ വക്താവ് എ.ശരവണൻ പറഞ്ഞു.
കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്വം വിജയ് ഏറ്റെടുക്കണം. കാരണം അദ്ദേഹം നിയമങ്ങൾ ലംഘിച്ചതിനാലാണ് ദുരന്തം സംഭവിച്ചതെന്നും ശരവണൻ പറഞ്ഞു. അതേസമയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്യുടെ വീഡിയോ സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.